സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന ലിങ്ക് വഴി ഫലം അറിയാം. ലിങ്കിൽ നിന്ന് പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡ് ആവശ്യമാണ്. അഡ്മിറ്റ് കാർഡ് ഓൺലൈനിൽ ലഭ്യമാകും. cbse.nic.in, cbse results.nic.in എന്നിവയിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക്ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ digilocker.gov.in ലും ഉമാങ് ആപ്പിലും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പരീക്ഷ നടത്താതെയാണ് ഫലം പ്രഖ്യാപിച്ചത്. മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷയ്ക്കായി അപേക്ഷിക്കാൻ അവസരം ഉണ്ടാകും. ഇതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി.

20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താംക്ലാസ് ഫലത്തിനായി കാത്തിരുന്നത്. പ്രാക്ടിക്കൽ, യൂണിറ്റ് ടെസ്റ്റുകൾ, പ്രീ-ബോർഡുകൾ, മിഡ് ടേമുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തയ്യാറാക്കിയത്. ഇതാദ്യമായാണ് പരീക്ഷയില്ലാതെ പത്താം ക്ലാസിലെ ഫലങ്ങൾ സിബിഎസ്ഇ പ്രഖ്യാപിക്കുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം എസ്എംഎസ് വഴി പരിശോധിക്കുന്നതെങ്ങനെയെന്ന് നോക്കാം

ഘട്ടം 1: നിങ്ങളുടെ ഫോണിൽ മെസേജ് ഓപ്പൺ ചെയ്യുക.

ഘട്ടം 2: cbse10, സ്ഥലം, നിങ്ങളുടെ റോൾ നമ്പർ ടൈപ്പ് ചെയ്യുക.

ഘട്ടം 3: 7738299899 എന്ന നമ്പറിലേക്ക് ഈ ടെക്സ്റ്റ് മെസേജ് അയയ്ക്കുക.

ഘട്ടം 4: ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് എസ്എംഎസിൽ ഫലം ലഭിക്കും.