തിരുവനന്തപുരം: കെഎസ്എഫ്ഇ സ്റ്റാഫ് സഹകരണ സംഘത്തില്‍ നിക്ഷേപിച്ചവരുടെ കോടിക്കണക്കിന് രൂപ മുക്കിയതായി റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച പലരും പണം തിരിച്ച് കിട്ടാതെ കടുത്ത ദുരിതത്തിലാണ് കഴിയുന്നത്.
കെഎസ്എഫ്ഇയില്‍ മാനേജറായിരുന്ന പൊന്നച്ചന് 14 ലക്ഷവും പലിശയുമാണ്കിട്ടാനുള്ളത്. സൊസൈറ്റി തകര്‍ന്നതോടെ ഇപ്പോള്‍ മുതലും ഇല്ല പലിശയും ഇല്ല. മകളുടെ വിവാഹം നടത്താനും ഹൃദയ ശസ്ത്രക്രിയക്കും പണമില്ലാതെ വീടും പുരയിവും വില്‍ക്കാനിട്ടിരിക്കുകയാണ് അദ്ദേഹം.
കെഎസ്എഫ്ഇയില്‍ ഡെപ്യൂട്ടി മാനേജറായിരുന്ന കുമാരി സുധയുടെയും അവസ്ഥ സമാനമാണ്. രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ടുന്ന അവരും തന്റെ സമ്പാദ്യം സ്റ്റാഫ് സഹകരണ സംഘത്തില്‍ നിക്ഷേപിച്ചിരുന്നു.
നാട്ടുകാരില്‍ നിന്നും കെഎസ്എഫ്ഇ ജീവനക്കാരില്‍ നിന്നും കോടികളാണ് സംഘം നിക്ഷേപമായി വാങ്ങിക്കൂട്ടിയത്. എന്നാല്‍, നിക്ഷേപകര്‍ അറിയാതെ വ്യാജ രേഖകള്‍ ചമച്ച് ഭരണസമിതി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി ചിലവഴിക്കുകയും, ചിട്ടിപണത്തില്‍ തിരിമറി നടത്തുകയും ചെയ്തതോടെ സംഘം തകര്‍ന്നെന്നാണ് ആക്ഷേപം.
ഭരണസമിതി അംഗങ്ങളില്‍ നിന്നും 17 കോടി രൂപ തിരിച്ച് പിടിക്കാന്‍ ധനവകുപ്പും കോടതിയും നിര്‍ദേശിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

