ന്യുഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കോവാക്സിന് ഫലപ്രദമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്). ഐ.സി.എം.ആറിന്റെയും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിന്.
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് രൂപാന്തരം വന്നാണ് ഡെല്‍റ്റ പ്ലസ് രൂപപ്പെട്ടത്. ഇന്ത്യയിലാണ് ഇത് ആദ്യം കണ്ടെത്തിയത്. കോവാക്സിന് രണ്ട് ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിനെതിരെ കോവാക്സിന് ഫലപ്രദമെന്ന് തെളിഞ്ഞതായി ഐ.സി.എം.ആര് പറയുന്നു.
ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചത്. 45 കോടിയിലേറെ ഡോസ് വാക്സിന് വിതരണം നടത്തിയതില്‍ 5 കോടിയിലേറെ മാത്രമാണ് കോവാക്സിന്റെ വിതരണം. രാജ്യത്ത് നിലവില്‍ 70 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്.

