കൊട്ടിയൂര്‍ പീഡനക്കേസ്; ഇരയെ വിവാഹം ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയും, ഇരയുടെ ഹര്‍ജിയും സുപ്രീംകോടതി തള്ളി.

നേരത്തെ, ഇതേ ആവശ്യം ഉന്നയിച്ച് പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുന്നത് ഇരകളോടുള്ള അനീതിയായി പിന്നീട് വ്യാഖ്യാനിക്കാന്‍ ഇടവരുമെന്നും തെറ്റായ കീഴ്വഴക്കമാകുമെന്നും കുറ്റവാളികള്‍ രക്ഷപ്പെടാനിടയാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍, വിവാഹക്കാര്യത്തില്‍ ഹൈക്കോടതി നടപടി ശരിവെച്ച സുപ്രീം കോടതി ഇളവുകള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കി.

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ റോബിന്‍ വടക്കുംചേരി ആവശ്യപ്പെട്ടത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.