ഐഎസ്ഐഎസിൽ ചേർന്ന മകളെയും പേരക്കുട്ടിയെയും ഇന്ത്യയിൽ തിരിച്ചെത്തിക്കണം; ആയിഷയുടെ പിതാവ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഐഎസ്‌ഐഎസിൽ ചേരുന്നതിനായി ഇന്ത്യ വിട്ട് അഫ്ഗാനിലേക്ക് പോയി നിലവിൽ ജയിലിൽ കഴിയുന്ന ആയിഷയുടെയും മകളുടെയും മോചനത്തിനായി പിതാവ് സെബാസ്റ്റ്യൻ സേവ്യർ സുപ്രീംകോടതിയിൽ. ഐഎസിൽ ചേർന്ന ഭർത്താവിനൊപ്പം രാജ്യം വിട്ട് അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് സെബാസ്റ്റ്യൻ കോടതിയെ സമീപിച്ചത്.

അഫ്ഗാനിസ്ഥാനിൽ വെച്ച് ഭർത്താവ് അബ്ദുൾ റഷീദ് കൊല്ലപ്പെട്ടതോടെ ആയിഷയും കുഞ്ഞും ജയിലിലാണ്. ആയിഷയുടെ ഏഴ് വയസ്സുള്ള മകൾ സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നാണ് സെബാസ്റ്റ്യൻ ഹർജിയിൽ പറയുന്നത്. അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടക്കുന്ന അഫ്ഗാനിൽ ഏത് നിമിഷം വേണമെങ്കിലും മകളെയടക്കം തൂക്കിലേറ്റാം. അതിനാൽ പേരക്കുട്ടിയായ സാറയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും ഇവരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെടണമെന്നും സെബാസ്റ്റ്യയൻ ആവശ്യപ്പെടുന്നു. കേരളത്തിൽ നിന്നും ഐ എസിൽ ചേരാൻ പോയ മറ്റു സ്ത്രീകളും ആയിഷയ്‌ക്കൊപ്പം ജയിലിലാണ്.

കാസർകോട് സ്വദേശിയായ അബ്ദുൾ റഷീദിനൊപ്പം 2011 ലാണ് ആയിഷ പോയത്. 2013 ഒക്ടോബറിൽ സാറ ജനിച്ചു. 2016 ൽ ഇവരെല്ലാം ഐഎസിന് വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യ വിട്ടുപോയി. പിന്നീട് അബ്ദുൾ റഷീദിനെ കാണ്മാനില്ലെന്ന് ഇയാളുടെ പിതാവ് കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് അബ്ദുൾ റഷീദ് മരണമടഞ്ഞെന്നും ആയിഷയും മകളും അഫ്ഗാനിൽ ജയിലിലാണെന്നുമുള്ള വിവരം പുറത്തു വന്നു.