സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തല്‍ !

കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനം ഉപയോഗപ്പെടുത്തിയതായി കണ്ടെത്തല്‍.

കൊയിലാണ്ടിയില്‍ സ്വര്‍ണ്ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് വ്യാജ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനം ഉപയോഗിച്ചുള്ള കോളുകളിലൂടെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന വടകര പോലീസ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

നേരത്തെ, തൃശ്ശൂര്‍, കൊച്ചി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തിയ എക്‌സ്‌ചേഞ്ചുകള്‍ പരസ്പര ബന്ധമുള്ളതാണെന്നും, കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.

കൊച്ചിയില്‍ അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്താണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന സാമഗ്രികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.