രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറില്‍ നിന്ന്, പിന്നാമ്പുറം തേടി അന്വേഷണ സംഘം കണ്ണൂരില്‍ !

കണ്ണൂര്‍: കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിന്റെ പിന്നാമ്പുറം തേടി അന്വേഷണ സംഘം കണ്ണൂരില്‍. രാഖിലിന്റെ ബന്ധങ്ങളും ഉപയോഗിച്ച തോക്കിന്റെ ഉറവിടവുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുക.

അതേസമയം, രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറില്‍ നിന്നാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 12 ന് ഇയാള്‍ സുഹൃത്തിനൊപ്പം എറണാകുളത്തുനിന്നു ബിഹാറിലേക്ക് യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ നിന്നാണ് ബിഹാറില്‍ തോക്ക് കിട്ടുമെന്നു രാഹില്‍ മനസിലാക്കിയതെന്നും, ബിഹാറില്‍ നാലു സ്ഥലങ്ങളിലായി എട്ടു ദിവസം തങ്ങിയിരുന്നെന്നും, ജോലിക്കായി ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാന്‍ എന്ന വ്യാജേനയായിരുന്നു യാത്രയെന്നും അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്.

കണ്ണൂരിലെത്തിയ അന്വേഷണ സംഘം രാഖിലിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. സംഭവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രാഖില്‍ നാലു തവണ മാനസയോടു സംസാരിച്ചുവെന്നും ഇയാളുടെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ആദിത്യന്‍ പറഞ്ഞു. മാനസയുടെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് വിളിപ്പിച്ച ശേഷവും മാനസയുമായുള്ള ബന്ധം വിടാന്‍ രാഖില്‍ തയാറായിരുന്നില്ല എന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

മാത്രമല്ല, മാനസ അകന്നു തുടങ്ങിയതോടെ രാഖില്‍ അധികം സംസാരിക്കാറില്ലായിരുന്നെന്ന് സഹോദരന്‍ രാഹുല്‍ പറഞ്ഞു. വിദേശത്ത് പോയി പണമുണ്ടാക്കിയാല്‍ ബന്ധം തുടരാനാകുമെന്നായിരുന്നു രാഖിലിന്റെ പ്രതീക്ഷയെന്നും, എന്നാല്‍, കോവിഡ് പ്രതിസന്ധിമൂലം ഇതും നടന്നില്ലെന്നും സഹോദരന്‍ അറിയിച്ചു.

വെള്ളിയാഴ്ച്ചയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖില്‍ എന്ന യുവാവ് ജീവനൊടുക്കിയത്. മാനസയുടെ തലയില്‍ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.