കേരം കാക്കാന്‍ കേരളത്തിന്റെ സുരേഷ് ഗോപി; നാളികേര വികസന ബോര്‍ഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോര്‍ഡ് മെമ്പറായി രാജ്യസഭാംഗം സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ നാളികേര വികസന ബോര്‍ഡിലേക്ക് ഐകകണ്‌ഠേന രാജ്യസഭയില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നുവെന്നും, എന്നെ വിശ്വസിച്ച് ഏല്‍പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ഞാന്‍ യോഗ്യമായ പരിശ്രമം നടത്തുമെന്നും സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അതേസമയം, കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സുരേഷ് ഗോപിക്ക് സാധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിശ്വാസം പ്രകടിപ്പിച്ചു.

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നാളികേര ഉത്പാദനവും, ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് നാളികേര വികസന ബോര്‍ഡിന്റെ ലക്ഷ്യം.