ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബു സൈഫുള്ളയെ സുരക്ഷാ സേന വധിച്ചു. ജമ്മു കാശ്മീരില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് ഈ ജയ്ഷ-ഇ മുഹമ്മദ് തീവ്രവാദിയെ സുരക്ഷാ സേന വധിച്ചത്.
2019 ഫെബ്രുവരി 14ന് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള നിരവധി ഭീകരാക്രമണങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ മുഹമ്മദിലെ മുഖ്യ അംഗങ്ങളായ റൗഫ് അസ്ഹര്‍, മൗലാന മസൂദ് അസഹ്ര് എന്നിവരുടെ അനുയായിരുന്നു സൈഫുള്ളയെന്നും കശ്മീര്‍ ഐജി വിജയകുമാര്‍ അറിയിച്ചു.
പുല്‍വാമ ആക്രമണത്തില്‍ ഐഇഡി നിര്‍മ്മിച്ചത് സൈഫുള്ളയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഐഇഡി കര്‍ബോംബ് സാങ്കേതിക വിദ്യയില്‍ ഇയാള്‍ വിദഗ്ധനാണ്. 2019 ലെ പുല്‍വാമ ആക്രമണത്തില്‍ കാര്‍ബോംബ് ഉപയോഗിച്ചിരുന്നു. ദക്ഷിണ കാശ്മീരിലെ ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ കമാന്‍ഡറാണ് ഇയാളെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കാശ്മീരിലെ പുല്‍വാമയില്‍ തീവ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുമായെത്തിയ ചാവേര്‍ സംഘം, സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് അത് ഇടിച്ചു കയറ്റിയായിരുന്നു വന്‍ ആക്രമണം നടത്തിയത്.
ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

