അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറം; അതിര്‍ത്തി സംഘര്‍ഷം ആളിക്കത്തുന്നു !

ഗുവാഗത്തി: സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മിസോറം പോലീസ് കേസെടുത്തു. വധശ്രമം, കയ്യേറ്റംചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അസം പൊലീസിലെ ഐജി അനുരാഗ് അഗര്‍വാള്‍, കച്ചര്‍ ഡിഐജി ദേവ്ജ്യോതി മുഖര്‍ജി, കച്ചര്‍ എസ്പി കാന്‍ദ്രകാന്ത് നിംബര്‍ക്കര്‍ ധോലയ് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സാഹബ് ഉദ്ദിന്‍, കച്ചര്‍ ഡപ്യൂട്ടി കമ്മിഷണര്‍ കീര്‍ത്തി ജല്ലി, കച്ചര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സണ്ണിഡിയോ ചൗധരി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്ന് മിസോറം ഐജിപി (ഹെഡ്ക്വാര്‍ട്ടേഴ്സ്) ജോണ്‍ നെയ്ഹലായ അറിയിച്ചു. ഇതുകൂടാതെ അസം പൊലീസിലെ 200ലധികം ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരോടെല്ലാം ഞായറാഴ്ച കൊലാസിബ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഐജിയുടെ നേതൃത്വത്തിലുള്ള ആയുധധാരികളായ പോലീസ് സംഘം അതിര്‍ത്തി കടന്ന്, തങ്ങളുടെ പോലീസ് ക്യാമ്പ് കയ്യേറിയെന്ന് മിസോറം ഐജിപി പറഞ്ഞു. മുഖ്യമന്ത്രി ഒഴികെ ബാക്കിയുള്ളവരോട് ഞായറാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിര്‍ത്തിയില്‍ തിങ്കളാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏതാനും മിസോറാം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അസാം പോലീസ് സമന്‍സും അയച്ചിരുന്നു. വര്‍ഷങ്ങളായി അസാമും മിസോറാമുമായി അതിര്‍ത്തി തര്‍ക്കം നിലവിലുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചയാണ് ഇത്രയും രൂക്ഷമായ സംഘര്‍ഷത്തിലേക്ക് നയിച്ചത്.