2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്; പുനരുജ്ജീവന പാക്കേജുമായി പ്രശാന്ത് കിഷോർ

ന്യൂഡൽഹി: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച കർമപരിപാടികളിൽ കോൺഗ്രസ് ചർച്ച നടത്തി. പാർട്ടി പരിഷ്‌കരണ-പുനരുജ്ജീവന അജണ്ടയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ യോഗങ്ങൾ ചേരുന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രശാന്ത് കിഷോർ പാർട്ടിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നൽകിയ രൂപരേഖ അനുസരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നാണ് വിവരം.

നേരത്തെ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോർ ചർച്ച നടത്തിയിരുന്നു. പാർട്ടി പുനരുജ്ജീവനവുമായി ബന്ധപ്പെട്ട രൂപരേഖ പ്രശാന്ത് കിഷോർ ഇവർക്ക് നൽകിയത് ഈ കൂടിക്കാഴ്ച്ചയിൽ വെച്ചായിരുന്നു. പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദേശങ്ങൾ എന്തൊക്കെയെന്ന് ഇതുവരെ വ്യക്തമല്ല. തെരഞ്ഞെടുപ്പ് തന്ത്രരൂപവത്കരണം, ഏകോപനം, സംഘാടനം, സഖ്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സജീവ ഇടപെടൽ നടത്താൻ പ്രശാന്ത് കിഷോർ താൽപര്യപ്പെടുന്നുണ്ടെന്നാണ് സൂചനകൾ.

കോൺഗ്രസിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കണം എന്നതിനെ കുറിച്ചുള്ള നിർദേശങ്ങളുടെ നീണ്ട പട്ടികയാണ് പ്രശാന്ത് കിഷോർ കൈമാറിയതെന്നും റിപ്പോർട്ടുകളുണ്ട്. പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ച ചെയ്യാൻ ഗുരുദ്വാര രകാബ് ഗഞ്ചിലെ കോൺഗ്രസിന്റെ വാർ റൂമിൽ പ്രവർത്തക സമിതി അംഗങ്ങൾ നിരവധി തവണ യോഗം വിളിച്ചു ചേർത്തിരുന്നു. കെ.സി. വേണുഗോപാലും എ.കെ. ആന്റണിയുമാണ് യോഗങ്ങൾ ഏകോപിപ്പിക്കുന്നത്. അതേസമയം പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദേശങ്ങൾ പ്രവർത്തക സമിതി അംഗങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്നാണ് വിവരം.