കോവിഡ് വൈറസ് വ്യാപനം; നിർണായക കണ്ടെത്തലുമായി ഇന്ത്യൻ ഗവേഷകർ

covid

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിൽ നിർണായക കണ്ടെത്തലുമായി ഇന്ത്യൻ ഗവേഷകർ. കോവിഡ് വൈറസിന് നിരന്തരം ജനിതകമാറ്റം സംഭവിക്കുന്നതിന്റെ കാരണങ്ങളാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. ഒരു മനുഷ്യനിൽ പ്രവേശിക്കുന്ന കോവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉൾകൊണ്ട് പുതിയ വൈറസായി പുറത്തേക്ക് വരുന്നതാണെന്നാണ് ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ജോധ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി, ഗാസിയാബാദിലെ അക്കാദമി ഫോർ സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച്, ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ്, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയത്.

കൂടുതൽ വിശകലനം നടത്തേണ്ടതിനാൽ കോവിഡിന്റെ ചികിത്സയ്ക്കു വേണ്ടി ഈ പഠനത്തിലെ കണ്ടുപിടുത്തം ഉപയോഗിക്കാറായിട്ടില്ലെന്ന് പഠനം നടത്തിയ ഗവേഷകർ വ്യക്തമാക്കി. ഒരു വൈറസിന് ജനിതകമാറ്റം സംഭവിച്ച വ്യക്തിയേയോ സമൂഹത്തെയോ കണ്ടെത്താൻ സാധിച്ചാൽ പഠനത്തിന് കുറച്ചു കൂടി ആധികാരികത കൈവരുമെന്നും അതിനായുള്ള ശ്രമം തുടരുകയാണെന്നും ഗവേഷകർ അറിയിച്ചു.