തിരുവനന്തപുരം: ജയില്‍ മേധാവി ഋഷിരാജ് സിംഗ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരുന്ന ഋഷിരാജ് സിംഗിന്റെ പടിയിറക്കം. വിരമിക്കലിന് മുന്നോടിയായി പൊലീസ് സേന അദ്ദേഹത്തിന് ഗംഭീര യാത്രയയപ്പ് നല്‍കി.
ജയില്‍ ഡി.ജി.പി, ട്രാന്‍സ്പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്.
ഗുണ്ടാ അതിക്രമം അവസാനിപ്പിക്കല്‍, മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍, വ്യാജ സിഡിക്കെതിരായ റെയിഡുകള്‍, വ്യാജമദ്യ- ലഹരി മാഫിയയെ അടിച്ചമര്‍ത്തല്‍, വൈദ്യുതി മോഷണം തടയല്‍ തുടങ്ങിയ പ്രത്യേക ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കി കയ്യടി നേടിയിട്ടുണ്ട് ഋഷിരാജ് സിംഗ്.
രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

