കോവിഡില്‍ തൃശൂരില്‍ മാത്രം അടച്ചുപൂട്ടിയത് 2500 കടകള്‍, 10 കോടിയിലേറെ നഷ്ടം ! ഇനിയും സഹിക്കാനാവില്ലെന്ന് വ്യാപാരികള്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 2500ഓളം വ്യാപാരസ്ഥാപനങ്ങള്‍. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലിയും നഷ്ടമായി. ഈ കോവിഡ് കാലത്ത് ബാങ്ക് വായ്പയും കടവാടകയും തുടങ്ങി ദൈനംദിന ചിലവുകള്‍ക്കു വരെ ബുദ്ധിമുട്ടുകയാണ് വ്യാപാരികള്‍. ജില്ലയിലെ 40,000 വ്യാപാര സ്ഥാപനങ്ങളില്‍ 25 ശതമാനമേ നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുള്ളൂ.

ജില്ലയിലെ വ്യാപാര മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 10 കോടിയിലേറെ രൂപയുടെ സാധനങ്ങളാണ് കെട്ടികിടന്ന് നശിച്ചുപോയത്. ആഴ്ചയില്‍ 4 ദിവസവും ഒരു ദിവസവും പ്രവര്‍ത്തിക്കുന്ന കടയ്ക്ക് മാസ വാടകയായ അരലക്ഷവും ഒരു ലക്ഷവും എങ്ങനെ കൊടുക്കാന്‍ സാധിക്കുമെന്ന് വ്യാപാരികള്‍ ചോദിക്കുന്നു.

ഇങ്ങനെ തുറന്നതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. വാടകകൊടുക്കാന്‍ പോലുമുള്ള വരുമാനം കിട്ടുന്നില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പോലും വാടക ഇളവ് നല്‍കുന്നില്ലെന്നും, കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ക്ക് അധികൃതര്‍ നിരന്തരം നോട്ടീസ് അയച്ചു കൊണ്ടിരിക്കുകയാണെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു.

നഷ്ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതിനാല്‍ ആഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സാധാരണപോലെ എല്ലാദിവസവും കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.