ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ പകുതിയിൽ അധികവും കേരളത്തിൽ. രാജ്യത്ത് ആകെ 43,509 പേർക്കാണ് 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 22,056 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ നിന്നാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 640 കോവിഡ് മരണങ്ങളിൽ 131 മരണങ്ങളും കേരളത്തിൽ നിന്നുള്ളതാണ്. 4,22,662 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. 38,465 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തു. 4,03,840 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്.
സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഘം സഹായങ്ങൾ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. 97.38 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. ജൂലായ് 28 വരെ 46,26,29,773 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 17,28,795 സാമ്പിളുകൾ പരിശോധിതച്ചതായാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.
അതേസമയം കേരളത്തിൽ കോവിഡ് പ്രതിദിന കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള വിദഗ്ധരാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി എത്തുന്നത്.

