നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നേരിടാൻ തയ്യാറാണെന്ന് കെ ടി ജലീൽ

മലപ്പുറം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻമന്ത്രി കെ ടി ജലീൽ. കേസിൽ വിചാരണ നേരിടാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കട്ടതിനോ കവർന്നതിനോ അല്ല, യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസെന്നാണ് അദ്ദേഹം പറയുന്നത്. കേസിൽ വിചാരണ നടക്കട്ടേയെന്നും പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിൽ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ്.