തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി മിൽമയുടെ ഭരണം ഇടതുപക്ഷത്തിന്. മിൽമയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇടതുപക്ഷം ഭരണം നേടുന്നത്. ചെയർമാനായി മലബാർ മേഖലാ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ കെ.എസ്. മണി തെരഞ്ഞെടുക്കപ്പെട്ടു. 1983 ൽ മിൽമയിൽ ഭരണസമിതി നിലവിൽ വന്നത് മുതൽ ക്ഷീരോത്പാദക സഹകരണസംഘം ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു ചെയർമാനായിരുന്ന പി എ ബാലൻ മാസ്റ്ററുടെ മരണത്തെ തുടർന്നാണ് ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നത്.
മിൽമയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി നിലവിൽ വന്ന 1983 മുതൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷൻ ചെയർമാൻ. 2019 ൽ പ്രയാർ ഗോപാലകൃഷ്ണൻ ഒഴിഞ്ഞപ്പോഴാണ് പി എ ബാലൻ മാസ്റ്റർ ചെയർമാനായത്. ഇക്കഴിഞ്ഞ ജൂലൈ 10 നായിരുന്നു ബാലൻ മാസ്റ്റർ അന്തരിച്ചത്.
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഏഴ് വോട്ടുകളും യുഡിഎഫിന് അഞ്ച് വോട്ടുകളുമാണ് ലഭിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് വോട്ടും മലബാർ മേഖലയിൽ നിന്നുമുള്ള നാല് വോട്ടുമാണ് എൽഡിഎഫിന് ലഭിച്ചത്.
കാലങ്ങളായുള്ള സിപിഎമ്മിന്റെ ലക്ഷ്യമായിരുന്നു മിൽമയിൽ ഭരണം പിടിക്കുക എന്നത്. ഇതിന്റെ ഭാഗമായി മലബാർ മേഖല ക്ഷീരോത്പാദക യൂണിയനിൽ ഭരണസമിതി പിരിച്ചുവിട്ട് ഉദ്യോഗസ്ഥഭരണം ഏർപ്പെടുത്തി. തുടർന്ന് തിരഞ്ഞെടുപ്പിൽ സി.പി.എം. ഭരണം പിടിച്ചെടുക്കുകയായിരുന്നു. സമാനമായി കാലാവധി പൂർത്തിയാക്കാൻ അഞ്ചുദിവസം ബാക്കിനിൽക്കേ തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതിയും ഓർഡിനൻസിലൂടെ പിരിച്ചുവിട്ടു. തുടർന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണവും ഈ സമിതിക്ക് വോട്ട് ചെയ്യാനുള്ള അവകാശവും നൽകി. തെരഞ്ഞെടുപ്പ് നടത്തിയാൽ തിരുവനന്തപുരം മേഖല പിടിക്കാനാകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ ഭരണം സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

