തിരുവനന്തപുരം: അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിയമസഭയിൽ നടന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ജനപക്ഷത്ത് നിൽക്കുമ്പോൾ സമരം നടത്തേണ്ടി വരും. കേസുകൾ ഉണ്ടാകും. മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. നിയമസഭയിലെ അക്രമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കിയ കോടതി കേസിൽ പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രി ഇപി ജയരാജൻ, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ കെടി ജലീൽ, മുൻ എംഎൽഎമാരായ സികെ സദാശിവൻ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ വിചാരണ നേരിടണമെന്നും അറിയിച്ചിരുന്നു.

