കോട്ടയം: ജനസംഖ്യാ വർദ്ധനവ് പിന്തുണച്ചു കൊണ്ട് പാലാ രൂപത പുറത്തിറക്കിയ സർക്കുലറിനെ പിന്തുണച്ച് പി സി ജോർജ്. സർക്കുലർ ന്യായമാണെന്നാണ് പി സി ജോർജ് അഭിപ്രായപ്പെടുന്നത്. ക്രൈസ്തവ വിഭാഗങ്ങൾ ജനസംഖ്യാ വർധനവിൽ വളരെ പിന്നിലാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം ജനസംഖ്യ നിയന്ത്രണം കൊണ്ടു വന്നാൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു.
ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിക്കുക എന്ന് പറയുന്നത് എന്ത് ന്യായമാണ്? നിയന്ത്രിക്കുന്നെങ്കിൽ എല്ലാവരും നിയന്ത്രിക്കണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടു. ജനസംഖ്യയുടെ അനുപാതം തെറ്റുന്നത് ശരിയല്ല. കുട്ടികൾ കൂടുതൽ വേണമെന്നതിനെ താൻ പിന്തുണയ്ക്കുന്നുവെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
നാലോ അതിലധികമോ കുട്ടികളുള്ള ദമ്പതികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചാണ് പാലാ രൂപത സർക്കുലർ പുറത്തിറക്കിയത്. ധനസഹായമടക്കമുള്ള ആനുകൂല്യങ്ങൾ നൽകുമെന്നാണ് പ്രഖ്യാപനം. ജീവന്റെ മഹത്വത്തെ കുറിച്ച് നിരന്തരമായി ചർച്ച ചെയ്യുന്ന കത്തോലിക്കാ സഭയുടെ പ്രോ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. 2000 ത്തിന് ശേഷം വിവാഹിതരായവരിൽ അഞ്ച് കുട്ടികളിൽ കൂടുതലുള്ളവർക്ക് പ്രതിമാസ ധനസഹായം നൽകുമെന്നും സ്‌കോളർഷിപ്പ് നൽകുമെന്നും ആശുപത്രി സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും പാലാ രൂപത വ്യക്തമാക്കിയിട്ടുണ്ട്. നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാർ സ്ലീവ മെഡിസിറ്റി സൗജന്യമായി നൽകുമെന്നും പാലാ രൂപത വ്യക്തമാക്കിയിട്ടുണ്ട്.

