കൊച്ചി: റോഡ് വികസനത്തിനായി ആരാധനാലയങ്ങള്‍ മാറ്റി നല്‍കാന്‍ തയ്യാറാകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വികസനത്തിനായി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനലായങ്ങളോ മാറ്റി സ്ഥാപിക്കേണ്ടതായി വന്നാല്‍ അതിന് തയ്യാറാകണമെന്നും, എല്ലാ ക്രൈസ്തവ വിഭാഗത്തിലുള്ളവരും ഈ നിര്‍ദേശം അംഗീകരിക്കണമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
നാടിന്റെ വികസനത്തിനായി സഹകരിക്കാന്‍ ക്രൈസ്തവ വിഭാഗങ്ങള്‍ തയ്യാറകണം, കൂടുതല്‍ ആളുകള്‍ എത്തുന്നതും ചരിത്ര പ്രാധാന്യമുള്ളവയുമായ ആരാധനാലയങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കാത്തവിധത്തിലാകണം സര്‍ക്കാര്‍ ഇടപെടല്‍ നടത്തേണ്ടതെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
മാത്രമല്ല, ദേശീയപാത 66ന്റെ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുനല്‍കിയ കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രഭാരവാഹികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
നേരത്തെ, ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും. ഈ ഉത്തരവിട്ട ജഡ്ജിയോടും, പരാതി നല്‍കിയ ഹര്‍ജിക്കാരനോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ദൈവം ക്ഷമിക്കും എന്നും ജസ്റ്റിസ് ബി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കര്‍ദിനാളിന്റെ പരാമര്‍ശം.

