തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. സുപ്രീംകോടതി ചോദിച്ചത് യുഡിഎഫ് ഉന്നയിച്ച കാര്യങ്ങൾ തന്നെയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി അന്തിമമായി വിധികൽപ്പിച്ച സാഹചര്യത്തിൽ വി.ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പരിപാവനമായ നിയമസഭ തല്ലിത്തകർക്കാൻ നേതൃത്വം കൊടുത്ത ഒരാൾ മന്ത്രി പദവിയിലിരിക്കുന്നത് സഭയ്ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും വി ശിവൻകുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ധാർമ്മികമായും നിയമപരമായും ശരിയല്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

