സംസ്ഥാനത്തെ ജനങ്ങളെല്ലാം ദുരിതത്തിലാണ്; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്

കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്. കേരളം സ്വർണ കടത്തുകാരുടെയും ബലാത്സംഗ വീരന്മാരുടെയും കരിഞ്ചന്തക്കാരുടെയും വിളഭൂമി ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഇടതുപക്ഷ പ്രവർത്തകർ വിശ്വാസികളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഖാക്കൾ നടത്തുന്ന വൃത്തികേടുകൾ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളെല്ലാം ദുരിതത്തിലാണ്. ജനങ്ങൾ കോവിഡ് മഹാമാരി മൂലം വലിയ രീതിയിൽ ബുദ്ധിമുട്ടുന്നുണ്ട്. വലിയ കടമാണ് ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. എല്ലാവർക്കും കിറ്റ് നൽകിയാൽ പ്രശ്‌നം തീർന്നു എന്ന നിലയിലാണ് പിണറായി വിജയൻ. എന്നാൽ ദുരിതത്തിൽ ആയിരിക്കുന്ന ജനങ്ങൾക്ക് കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി നൽകുകയാണ് വേണ്ടത്. കോവിഡ് മഹാമാരി അവസാനിക്കരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. കോവിഡ് മഹാമാരി നിൽക്കുന്ന കാലം സമരങ്ങൾ ഒഴിഞ്ഞു നിൽക്കും എന്നതാണ് ഇതിന് കാരണമായി പിണറായി വിജയൻ കാണുന്നതെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ കടകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും എല്ലാം അടച്ചുപൂട്ടി ഇടുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ വെള്ളിയാഴ്ച കട തുറക്കാൻ അനുവാദം നൽകി ആളുകളെ കൂട്ടി കോവിഡ് വ്യാപനം വീണ്ടും വ്യാപിപ്പിക്കാനുള്ള അവസരമാണ് പിണറായി വിജയൻ ഒരുക്കുന്നതെന്നും സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്തതിന് കാരണമിതാണെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ച് ഇരിക്കുകയാണ്. ഇതിൽ നിന്നും കേരളത്തെ രക്ഷപ്പെടുത്താനായി ജനകീയ പ്രക്ഷോഭം ഉയർന്നു വരേണ്ടതുണ്ട്. ഏറ്റവുമധികം കടക്കെണിയിലായ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുകയാണ്. മൂന്നു ലക്ഷത്തി അമ്പതിനായിരം കോടി രൂപ ആണ് കേരളത്തിന്റെ കടം. കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും കിറ്റ് ആക്കി നൽകിയാണ് പിണറായി വിജയൻ ജനപിന്തുണ തട്ടിയെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്വകാര്യ സന്ദർശനം നടത്തി ഇക്കാര്യങ്ങളെല്ലാം അവസരമൊരുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്നും പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിൽ ഒരു അവിഹിത ബന്ധം തന്നെ നിലനിൽക്കുന്നുണ്ടെന്നും പി സി ജോർജ് വ്യക്തമാക്കി. ഈ ബന്ധം കാരണമാണ് ലാവലിൻ കേസ് വിചാരണ ചെയ്യപ്പെടാതെ കിടക്കുന്നതെന്നും പി സി ജോർജ് പറയുന്നു.

അതേസമയം ജനസംഖ്യാ വർദ്ധനവ് പിന്തുണച്ചു കൊണ്ട് പാലാ രൂപത പുറത്തിറക്കിയ സർക്കുലറിനെ പി സി ജോർജ് പിന്തുണച്ചു. സർക്കുലർ ന്യാമാണെന്നാണ് പി സി ജോർജിന്റെ അഭിപ്രായം. ക്രൈസ്തവ വിഭാഗങ്ങൾ ജനസംഖ്യാ വർധനവിൽ വളരെ പിന്നിലാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം ജനസംഖ്യ നിയന്ത്രണം കൊണ്ടു വന്നാൽ മതിയോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.