തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് നമ്പി നാരായണന്‍ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി. നമ്പി നാരായണനെതിരെ തെളിവുകളുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്കു മുന്‍പില്‍ ഹാജരാക്കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹര്‍ജി തള്ളിയത്.
ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ്. വിജയനായിരുന്നു നമ്പി നാരായണനെതിരെ അന്വേഷണം വേണമെന്ന് കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.
ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോണ്‍ ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയും നമ്പി നാരായണനുമായി ഭൂമി ഇടപാടുകള്‍ നടന്നതായി വിജയന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നു സിബിഐ കോടതിയില്‍ വാദിച്ചു.
കേരള പൊലീസിലെയും ഐബി, സിബിഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണന്‍ സ്വാധീനിച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. നമ്പി നാരായണന്റെ പക്കല്‍ അനധികൃത സ്വത്തുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും വിനിയോഗിച്ചത് ചാരക്കേസ് അട്ടിമറിക്കാനാണെന്നുമാണ് ഹര്‍ജിയില്‍ വിജയന്റെ ആരോപണം.

