പാലക്കാട്: മുകേഷുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നതായുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി നർത്തകി മേതിൽ ദേവിക. പിരിയാനുള്ള കാരണം വ്യക്തിപരമാണെന്ന് മേതിൽ ദേവിക പ്രതികരിച്ചു. വേർപിരിയാനുള്ള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും മേതിൽ ദേവിക പറഞ്ഞു.
വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത് തന്റെ ഭാഗത്തു നിന്നാണ്. ഇക്കാര്യത്തിൽ മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. മുകേഷിന്റെ രാഷ്ട്രീയമായ പശ്ചാത്തലം മുൻനിർത്തിയാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതയായത്. മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും. അദ്ദേഹത്തിനു മേൽ ചെളിവാരിയെറിയാൻ താൽപര്യമില്ലെന്നും നടൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കാൻ പാടില്ലെന്നും ദേവിക വ്യക്തമാക്കി.
മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. വിവാഹ മോചന ഹർജി നൽകുന്നതിന് തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങൾ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും മേതിൽ ദേവിക പറഞ്ഞു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് തനിക്കുള്ള ആരോപണങ്ങളിൽ ഗാർഹിക പീഡനം ഉൾപ്പെടുന്നില്ല. രാഷ്ട്രീയ പ്രതികരണങ്ങളോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ദേവിക കൂട്ടിച്ചേർത്തു.

