പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. യുവാവിന്റെ പരാതിയില്‍ വി.ടി ബല്‍റാമടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസം കൊവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചുവെന്നാണ് യുവാവിന്റെ പരാതി. യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി.
അതേസമയം, യുവാവിന്റെ പരാതി വ്യാജമാണെന്നാണ് നേതാക്കളുടെ പ്രതികരണം. യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, വീഡിയോ എടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നേതാക്കള്‍ പറയുന്നത്.
പാലക്കാട് നഗരത്തിലുള്ള ഒരു റസ്റ്റോറന്റില്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസും, വി ടി ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ, ഹോട്ടല്‍ ഉടമയ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുക്കുകയും കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴയും ചുമത്തിയിരുന്നു.

