അഭ്യൂഹങ്ങൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. സർക്കാർ അധികാരത്തിലേറി രണ്ടു വർഷം പൂർത്തിയായാക്കുന്ന ചടങ്ങിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. വൈകുന്നേരം നാല് മണിയ്ക്ക് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. വികാരാധീനനായാണ് അദ്ദേഹം പ്രസംഗം നടത്തിയത്. പ്രസംഗത്തിനിടെ അദ്ദേഹം വിതുമ്പുകയും ചെയ്തു. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കേന്ദ്രമന്ത്രിയാകാൻ തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ കർണാടകയിൽ തുടരാനാണ് താത്പര്യമെന്നാണ് താൻ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാൻ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് വ്യക്തമാക്കി യെദ്യൂരപ്പയും രംഗത്തെത്തിയിരുന്നു.

ജൂലൈ 26-ന് ഭരണത്തിൽ രണ്ടു വർഷം പൂർത്തിയാക്കുകയാണെന്നും അതിന്റെ ആഘോഷ ചടങ്ങുകൾക്ക് ശേഷം ജെ പി നദ്ദ പറയുന്നത് എന്താണെങ്കിലും അനുസരിക്കുമെന്നുമായിരുന്നു യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നത്. 2019 ജൂലായിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പുറത്താക്കിയാണ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്.