തിരുവനന്തപുരം: ഐ എന്‍ എല്‍ പിളര്‍ന്നിട്ടില്ലെന്ന വാദവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. എറണാകുളത്ത് നടന്ന ഐ.എന്‍.എല്‍ സംസ്ഥാന യോഗത്തിലെ തമ്മിലടിക്കു ശേഷം ഐ.എന്‍.എല്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്) പിളര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെതിരെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും, പാര്‍ട്ടി പിളര്‍ന്നിട്ടില്ലെന്നുമാണ് മന്ത്രിയുടെ വാദം.
എന്നാല്‍, സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസം കൊവിഡ് ചട്ടം ലംഘിച്ച് ഹോട്ടലില്‍ നടന്ന യോഗം കയ്യാങ്കളിയിലേക്ക് പോയ സംഭവം എറേ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് അറിയിച്ചത്.
അതേസമയം, അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളെ നിയമിക്കുകയും ചെയ്തു.
മന്ത്രിസ്ഥാനം നല്‍കിയത് സംബന്ധിച്ച് ഇടതുമുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ഐ.എന്‍.എലില്‍ പുതിയ കോലാഹലം അരങ്ങേറിയത്. വിഷയം ചര്‍ച്ച ചെയ്യാനായി അടുത്തയാഴ്ച ഇടതുമുന്നണി യോഗം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഘടകകക്ഷിയില്‍ പിളര്‍പ്പുണ്ടായാല്‍ ഇരു വിഭാഗങ്ങളെയും മുന്നണിക്ക് പുറത്തുനിറുത്താറുള്ള ഇടതുമുന്നണി മന്ത്രിയെ പുറത്താക്കാതെ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

