കെസി വേണുഗോപാലിന് പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകാനിടയുണ്ടെന്ന് റിപ്പോർട്ട്; കാരണം ഇങ്ങനെ

തിരുവനന്തപുരം: കെസി വേണുഗോപാലിന് പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകാനിടയുണ്ടെന്ന് റിപ്പോർട്ട്. രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങുന്നുവെന്ന സൂചനകൾക്കിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാന്യമായ രാജി തനിക്ക് നിഷേധിച്ചത് കെസി വേണുഗോപാലാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് രമേശ് ചെന്നിത്തല പരാതി അറിയിച്ചിരുന്നു.

ചെന്നിത്തലയ്ക്ക് ദേശീയ തലത്തിൽ മികച്ച പദവി നൽകാൻ സോണിയ ഗാന്ധി തയ്യാറായെങ്കിലും കെസി വേണുഗോപാൽ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ശേഷം തനിക്ക് പുതിയ പദവി മതിയെന്ന നിർദ്ദേശമാണ് ചെന്നിത്തല മുന്നോട്ട് വെച്ചതെന്നാണ് വിവരം. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി ചുമതലയിൽ നിന്ന് കെ.സി വോണുഗോപാലിനെ മാറ്റാനിടയുണ്ട്. സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണുഗോപാൽ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. വേണുഗോപാലിന്റെ ഇടപെടൽ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നം രൂക്ഷമാക്കിയെന്ന പരാതിയും ഉയരുന്നുണ്ട്. രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിലേത്ത് വരുന്നത് തടയാൻ കെ സി വേണുഗോപാൽ നടത്തിയ ശ്രമങ്ങളിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്.

ഐ ഗ്രൂപ്പിൽ ഒന്നാമൻ ചെന്നിത്തലയാണ്. എന്നാൽ എഐസിസിയുടെ സംഘടനാ ചുമതല കിട്ടിയതോടെ എല്ലാം കൈപ്പടിയിൽ ഒതുക്കാനുള്ള ശ്രമത്തിലായിരുന്നു കെ സി വേണുഗോപാൽ. ഇപ്പോൾ ദേശീയ തലത്തിൽ എന്തു പദവി ചെന്നിത്തലയ്ക്ക് കിട്ടിയാലും അതിൽ ഒപ്പു വയ്ക്കേണ്ടത് കെസി വേണുഗോപാലാണ്. കെസി ഒപ്പിട്ടൊരു പദവി തനിക്കു വേണ്ടെന്നതാണ് ചെന്നിത്തലയുടെ നിലപാടെന്നാണ് റിപ്പോർട്ട്.

എഐസിസി നേതൃതലത്തിൽ വൻ അഴിച്ചുപണി നടത്താനാണ് ഹൈക്കമാന്റ് പദ്ധതിയിടുന്നത്. എഐസിസി താത്ക്കാലിക അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന സോണിയാ ഗാന്ധിയെ സഹായിക്കാൻ വർക്കിംഗ് പ്രസഡന്റുമാരെ നിയോഗിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ദേശീയതലത്തിലെ നീണ്ടകാലത്തെ പ്രവൃത്തിപരിചയവും മികച്ച ഭാഷാ നൈപുണ്യവും ദേശീയനേതാക്കളുമായും മറ്റ് സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുമായുമുള്ള ബന്ധങ്ങളും കണക്കിലെടുത്താണ് വർക്കിംഗ് പ്രസിഡന്റുമാരിലൊരാളായി രമേശ് ചെന്നിത്തലയെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്.