കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മൊയ്തീനും ബേബിജോണിനും പാര്‍ട്ടിയുടെ വിമര്‍ശനം

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി മൊയ്തീനും ബേബിജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനനേതൃത്വത്തെ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ ഇരുനേതാക്കള്‍ക്കും, സിപിഎം തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിനും വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ജില്ലാ ഘടകം നേരത്തെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും സംഭവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ എസി മൊയ്തീനും ബേബി ജോണിനും വീഴ്ചയുണ്ടായെന്നാണ നേതൃത്വം കുറ്റപ്പെടുത്തുന്നത്.

സഹകരണ മേഖലയിലെ 90 ശതമാനം ബാങ്കുകളും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. സിപിഎം ഭരിക്കുന്ന മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടി തലത്തില്‍ സൂക്ഷ്മ പരിശോധനയും ജാഗ്രതയും ഉറപ്പാക്കാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പ് അന്വേഷിക്കാന്‍ ഒമ്പതംഗ സംഘം രൂപീകരിച്ചതായി മന്ത്രി വി എന്‍ വാസവനും അറിയിച്ചിരുന്നു.