ഇന്ത്യൻ കരസേനയ്ക്ക് ഇനി ഇരട്ടി കരുത്ത്; അത്യാധുനിക ടാങ്ക് വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. കുറഞ്ഞ ഭാരം മാത്രമുള്ള ടാങ്ക് വേധ മിസൈലിന്റെ (മാൻ പോർട്ടബിൾ ആൻറി ടാങ്ക് ഗൈഡഡ് മിസൈൽ -എംപിഎടിജിഎം) പരീക്ഷണം വിജയകരമായി പൂർത്തിയായി. മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഒരാൾക്ക് വഹിച്ചുകൊണ്ട് പോകാമെന്നതാണ് മിസൈലിന്റെ പ്രധാന സവിശേഷതയെന്ന് ഡിആർഡിഒ അറിയിച്ചു. മിസൈൽ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന സംവിധാനവും സമാനമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് മിസൈൽ നിർമ്മിച്ചത്.

അത്യാധുനിക ടാങ്ക് വേധ ഗൈഡഡ് മിസൈൽ ഇന്ത്യൻ കരസേനയ്ക്ക് കരുത്ത് കൂട്ടുമെന്ന് ഡിആർഡിഒ വ്യക്തമാക്കി. ഇൻഫ്രാറെഡ് സാങ്കേതിക വിദ്യ മിസൈലിൽ ഉപയോഗിക്കുന്നുണ്ട്. ശത്രുവിന്റെ നീക്കം കൃത്യമായി തിരിച്ചറിയാൻ ഇത് സഹായിക്കും. അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും മിസൈലിൽ സജ്ജമാക്കിയിട്ടുണ്ട്.