കൊച്ചി: സിനിമാ ചിത്രീകരണത്തിനായുള്ള കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ. മുപ്പതിന നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമ ചിത്രീകരണ സംഘത്തിൽ 50 പേർക്ക് മാത്രമായിരിക്കും അനുമതി ലഭിക്കുക. സിനിമ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്തുപോകാൻ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണം. പ്രൊഡക്ഷൻ അസിസ്റ്റന്റ്, മേക്കപ്പ് ഡിപ്പാർട്ട്‌മെന്റ്, വസ്ത്രാലങ്കാരം എന്നിവയിലുള്ളവർ ജോലിസമയത്ത് കൈയുറകൾ നിർബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവൻ സമയവും മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോൾ പുതിയ മാസ്‌ക് സെറ്റിൽ വിതരണം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. 80% ആൾക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റെസർ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നൽകണമെന്നും മാർഗ നിർദ്ദേശത്തിൽ നിഷ്‌ക്കർഷിക്കുന്നു. കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കരുതെന്നും ഒന്നിൽ കൂടുതൽ ഭക്ഷണ കൗണ്ടറുകൾ സെറ്റിൽ ഉണ്ടായിരിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. കാനിൽ ചൂടു വെള്ളം നിറച്ച് പേപ്പർ ഗ്ലാസുകൾ ഉപയോഗിച്ച് കുടിക്കണം. കുപ്പികൾ ആവർത്തിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങൾ, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങൾ എന്നിവ അണുവിമുക്തം ആക്കണം. ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്തമാണെന്ന് മാർഗ നിർദ്ദേശത്തിൽ പറയുന്നു.
സിനിമാ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നവർ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്കണം. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ ഒടിടി ഉൾപ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാർഗരേഖ ബാധകമായിരിക്കും. ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ ആളുകൾ പരിശോധിക്കാൻ എത്തിയാൽ പൂർണ സഹകരണം ചിത്രീകരണ സ്ഥലത്ത് നൽകേണ്ടതാണെന്നും മാർഗരേഖയിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. മാർഗരേഖ നടപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികൾ ഷൂട്ടിംഗ് സെറ്റുകൾ സന്ദർശിക്കും.

