സംസ്ഥാനത്ത് കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ: വിശദ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ നൽകി സർക്കാർ. ബക്രീദിനോടനുബന്ധിച്ചാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കട തുറക്കാൻ അനുമതിയില്ലാത്ത ഡി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ അനുമതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവ കാറ്റഗറി എ,ബി വിഭാഗങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി 8 വരെ പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എ,ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങ്ങ് അനുവദിക്കാനും തീരുമാനിച്ചു.

ഒരു ഡോസ് വാക്‌സിനെടുത്തവർക്കേ ഇത്തരം ഇടത്ത് പ്രവേശനം അനുവദിക്കാവൂവെന്നാണ് നിർദ്ദേശം. ആരാധനായങ്ങൾക്കും കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളുടെ ചുമതല ഉള്ളവർ എണ്ണം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.