ന്യൂഡൽഹി: മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തിയതോടെ വെട്ടിലായി സ്വകാര്യ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും. റിസർവ്വ് ബാങ്കിന്റെ തീരുമാനം ഏറ്റവും അധികം ബാധിക്കുന്നത് സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയുമാണ്. ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിൻസർവ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാകും തീരുമാനം പ്രധാനമായും ബാധിക്കുക. ഈ സ്ഥാപനങ്ങളുടെ കാർഡ് സംവിധാനം പൂർണമായും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പാക്കിയിട്ടുളളത്. വിസ, റൂപെ കാർഡുകളുമായി ഈ ബാങ്കുകൾക്ക് സഹകരണമില്ല.
ധനകാര്യ സ്ഥാപനങ്ങൾക്ക് മറ്റ് കാർഡ് കമ്പനികളിലേക്ക് മാറേണ്ടി വരുമെന്നതിനാൽ പുതിയ കാർഡുകൾ നൽകുന്നത് ഏതാനും മാസത്തേക്ക് തടസ്സപ്പെടാനിടയുണ്ടെന്നാണ് വിവരം. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ 40 ശതമാനത്തോളം ഇടപാടുകളും മാസ്റ്റർ കാർഡുമായി സഹകരിച്ചാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാർഡ് ഇടപാടുകളും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടത്തുന്നത്.
ആർബിഎൽ ബാങ്ക് വിസയുമായി കരാറിലെത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർഡ് നൽകുന്നതിന് 8 മുതൽ 10 ആഴ്ചകൾ വരെ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഒരു ലക്ഷത്തോളം കാർഡുകളാണ് ബാങ്ക് നൽകി വന്നിരുന്നത്.
യെസ് ബാങ്ക് മാസ്റ്റർകാർഡുമായി സഹകരിച്ചാണ് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകി വരുന്നത്. പുതിയ കാർഡുകൾ നൽകുന്നതിന് മറ്റ് പണമിടപാട് ശൃംഖലകളിലേയ്ക്ക് മാറേണ്ടിവരും. എസ്ബിഐ കാർഡ്സിന്റെ 86 ശതമാനം ഇടപാടും വിസയുമായി സഹകരിച്ചാണ്.
കഴിഞ്ഞ ദിവസമാണ് പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിന് ആർബിഐ വിലക്കേർപ്പെടുത്തിയത്. ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നായിരുന്നു നടപടി. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും റിസർവ് ബാങ്ക് നൽകിയ നിർദ്ദേശങ്ങൾ മാസ്റ്റർ കാർഡ് പാലിച്ചിരുന്നില്ല. തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ആർ.ബി.ഐ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

