തിരുവനന്തപുരം: കേരളത്തിലെ ഇടതുരാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷനായ ശ്രീജിത്ത് പണിക്കര്‍. സംരംഭകരോടുള്ള എതിര്‍പ്പ് സ്വാഭാവികമായി ഉണ്ടാകുന്ന രീതിയില്‍ ആള്‍ക്കാരെ കേരളത്തിലെ ഇടത് സംവിധാനം പരുവപ്പെടുത്തിയിരിക്കുകയാണെന്നും ബിസിനസുകാര്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ കേരളത്തെ അപമാനിക്കുന്നെന്ന പല്ലവിയാണ് സര്‍ക്കാര്‍ പാടുന്നതെന്നും ശ്രീജിത് പണിക്കര്‍ പറയുന്നു.
ശ്രീജിത്തിന്റെ വാക്കുകള്‍- ബിസിനസുകാരനെ ബൂര്‍ഷ്വാസിയും ചൂഷകനുമായി കാണുന്ന കമ്മ്യൂണിസ്റ്റ് മുന്‍വിധി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹമായ വിഹിതം നിഷേധിക്കുന്ന വ്യക്തിയാണ് ഇപ്പോഴും മുതലാളി. മലയാളിയുടെ അബോധമനസ്സില്‍ ഇത്തരം ചിത്രം നല്കുന്ന രീതിയിലാണ് കേരളത്തിലെ സാഹിത്യവും ജനപ്രിയസംസ്‌കാരവും കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നെല്‍പ്പാടങ്ങളില്‍ കൊയ്തുയന്ത്രം കൊണ്ടുവന്നപ്പോള്‍ കമ്പ്യൂട്ടര്‍വല്ക്കരണം നടപ്പാക്കിയപ്പോള്‍ എന്തിന് ഗ്യാസ് പൈപ്പ്‌ലൈന്‍ വന്നപ്പോള്‍ വരെ കേരളജനതയുടെ വ്യവസായത്തോടുള്ള ഭയപ്പാട് നമ്മള്‍ കണ്ടതാണ്. തൊഴിലാളികളെ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും ഇപ്പോഴും ട്രേഡ് യൂണിയനുകള്‍ക്ക് കടുത്തപിടിയാണ്. തൊഴിലാളിയൂണിയനുകളും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കം മൂലം ഒട്ടേറെ വ്യവസായങ്ങള്‍ സംസ്ഥാനത്ത് തകര്‍ന്നു.

