ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്ചൂഡ് ചോദിച്ചു. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ് സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാരിനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. സഭയ്ക്കകത്ത് പ്രതിഷേധം നടക്കുമ്പോൾ അംഗങ്ങൾക്ക് പരിരക്ഷയുണ്ടെന്നും കോടതി വിശദമാക്കി. കേസ് അവസാനിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ അഭിഭാഷകന്റെ വാദത്തിന് എന്നാൽ നിയമത്തിന്റെ ഏത് വ്യവസ്ഥയിലാണ് സർക്കാരിന് കേസ് അവസാനിപ്പിക്കാൻ അധികാരമുളളതെന്ന് കോടതി മറുപടി നൽകി.
നിയമസഭാ കയ്യാങ്കളി കേസിൽ അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗം സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ തിരുത്തിയിരുന്നു. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്. സഭയിൽ വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടിയുണ്ടായെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.

