ഗഗൻയാൻ പദ്ധതി; വികാസ് എഞ്ചിന്റെ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

ബംഗളൂരു: ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി നിർണായക നേട്ടം കരസ്ഥമാക്കി ഐഎസ്ആർഒ. വികാസ് എഞ്ചിന്റെ ദൈർഘ്യമേറിയ ഹോട്ട് ടെസ്റ്റ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി.തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലാണ് പരീക്ഷണം നടന്നത്. 240 സെക്കന്റ് നേരം പരീക്ഷണം നീണ്ടു നിന്നു.

ജിഎസ്എൽവി എംകെ മൂന്നിന്റെ ലിക്വിഡ് പ്രോപലന്റ് വികാസ് എഞ്ചിൻ പരീക്ഷണമാണ് നടത്തിയത്. എഞ്ചിന്റെ പ്രവർത്തനം പ്രതീക്ഷിച്ച വിജയം നേടിയെന്നാണ് ഐഎസ്ആർഒ അറിയിക്കുന്നത്. ഇന്ത്യയുടെ ബഹികരാകാശ സ്വപ്ന പദ്ധതിയായ ഗഗൻയാന്റെ ഭാഗമായുള്ള നിർണായക നേട്ടമാണിത്. . മൂന്ന് സഞ്ചാരികളെ ബഹിരാകാശത്ത് ഏഴ് ദിവസം പാർപ്പിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം. 2022 ഓഗസ്റ്റിൽ ഗഗൻയാൻ യാഥാർത്ഥ്യമാക്കാനാണ് ഐഎസ്ആർ പദ്ധതിയിടുന്നത്.

ഈ വർഷം ഡിസംബറിൽ പദ്ധതി യാഥാർത്ഥ്യമാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ മൂലമാണ് പദ്ധതി നീണ്ടു പോയത്. ഗഗൻയാൻ ദൗത്യം വിജയിച്ചാൽ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും. 10000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.