കോവളം: വിഴിഞ്ഞം ക്രൂ ചേഞ്ചിങ് സെന്ററിന് ഇന്ന് ഒരു വയസ്. കോവിഡിന്റെ ഒന്നാം തരംഗത്തിൽ പ്രവർത്തനം തുടങ്ങിയ ക്രൂ ചേഞ്ചിംഗ് സെന്റർ വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിനെയും അതിജീവിച്ച് വിജയകുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിഴിഞ്ഞത്ത് 346 കപ്പലുകൾ നങ്കൂരമിട്ടു. 5544 പേർ വിഴിഞ്ഞം വഴി വരുകയും പോവുകയും ചെയ്തപ്പോൾ നാലു കോടിയോളം രൂപയുടെ വരുമാനമാണ് ലഭിച്ചത്.
ലോകത്തിലെ മൈനർ പോർട്ടുകളിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കപ്പലുകൾ ക്രൂ ചേഞ്ചിങ് നടത്തിയ റെക്കോർഡാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. 2020 ജൂലൈ 15 ന് പുലർച്ചെ എവർഗ്രീൻ കമ്പനിയുടെ കപ്പൽ ഭീമനായ എവർഗ്ലോവാണ് ആദ്യമായി വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ടത്. കോവിഡിനെ തുടർന്ന് മറ്റ് തുറമുഖങ്ങളിലൊന്നും ഇറങ്ങാനാകാതെ കുടുങ്ങിക്കിടന്ന ജീവനക്കാരുമായി വിഴിഞ്ഞത്തേക്ക് പിന്നീട് ധാരാളം കപ്പലുകളെത്തി. അന്തർ ദേശീയ ജലപാതയോട് ഏറെ അടുത്തു കിടക്കുന്നതും ചുരുങ്ങിയ സമയം കൊണ്ട് ക്രൂ ചേഞ്ചിങ് നടത്തി മടങ്ങാനായതും വിഴിഞ്ഞത്തേക്ക് എത്തുന്ന കപ്പലുകളുടെ എണ്ണം വർധിപ്പിച്ചു. രാവിലെ 11 മണിക്കാണ് വിഴിഞ്ഞം ക്രൂ ചേഞ്ചിങ് ഒന്നാം വാർഷിക ചടങ്ങ് ആഘോഷിക്കുന്നത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, ശശിതരൂർ എം.പി. വിൻസെന്റ് എം.എൽ.എ. എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മാരിടൈം ബോർഡ് ചെയർമാന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

