വാട്‌സാപ്പ് സന്ദേശങ്ങൾ തെളിവുകളായി പരിഗണിക്കാനാവില്ല; സുപ്രീംകോടതി

ന്യൂഡൽഹി: വാട്‌സാപ്പ് സന്ദേശങ്ങൾക്ക് തെളിവു മൂല്യമില്ലെന്ന് സുപ്രീംകോടതി. സന്ദേശങ്ങൾ എഴുതുന്നയാളെ അതുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കരാർ പ്രകാരം നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തിൽ ഇത്തരം വാട്‌സാപ്പ് സന്ദേശങ്ങൾക്കു തെളിവുമൂല്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.’ഇക്കാലത്ത് വാട്‌സാപ്പ് സന്ദേശങ്ങൾക്ക് എന്ത് തെളിവുമൂല്യമാണുള്ളതെന്നും കോടതി ചോദിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ എന്തും സൃഷ്ടിക്കാനും മായ്ക്കാനും കഴിയും. അതുകൊണ്ടുതന്നെ വാട്‌സാപ്പ് സന്ദേശങ്ങൾ തെളിവുകളായി പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനും മാലിന്യം നീക്കാനുള്ള കരാറിൽ ഏർപ്പെട്ട കൺസോർഷ്യവും തമ്മിലുള്ള കേസിലാണ് സുപ്രീംകോടതിയുടെ നിർണായക പരാമർശം.