സ്ത്രീ സുരക്ഷിത കേരളത്തിനായി ഉപവാസ സമരം നടത്തി ഗവർണർ; സർക്കാരിനെതിരെ വിമർശനം ഉയരാൻ സാധ്യത

arif

തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനായി ഉപവാസ സമരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണത്തലവനായ ഗവർണർ സ്ത്രീ സുരക്ഷ ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസ സമരത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് കേരളം. വളരെ അസാധാരണമായ ഒരു നടപടിയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഗവർണറുടെ നടപടി സംസ്ഥാന സർക്കാരിന് വലിയ ക്ഷീണമാകുമെന്നാണ് പൊതുവെ ഉയരുന്ന വിലയിരുത്തൽ. സർക്കാരിന്റെ വീഴ്ച എന്ന നിലയിൽ വിമർശനം ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഗവർണറുടെ ഉപവാസം സംസ്ഥാന സർക്കാരിനെതിരാണെന്ന രീതിയിലുള്ള വ്യാഖ്യാനവും പ്രചാരണവും ശരിയല്ലെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. എന്നാൽ സർക്കാരിനെതിരെയുള്ള ഏറ്റുമുട്ടലായാണ് ഗവർണറുടെ നീക്കത്തെ പ്രതിപക്ഷം ഉൾപ്പെടെ വിലയിരുത്തുന്നത്. ഉപവാസ സമരത്തിലൂടെ പ്രതിപക്ഷത്തിന്റെ പിന്തുണ ഗവർണർ നേടി. ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയത്.

ഗവർണറുടെ ഉപവാസ സമരം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മുൻപ് പല വിഷയങ്ങളിലും സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നതയും ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ട്. കാർഷിക ബില്ല്, പൗരത്വ നിയമ ഭേദഗതി, കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് നിയമനം തുടങ്ങി വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ കൊമ്പുകോർത്തിരുന്നു.