മനസിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വ്യാപാരികളോടും ജനങ്ങളോടുമുള്ള മുന്നറിയിപ്പ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ് വി ഡി സതീശൻ വിമർശനവുമായി രംഗത്തെത്തിയത്. മനസിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വ്യാപാരികളോടും ജനങ്ങളോടുമുള്ള മുന്നറിയിപ്പാണെന്നായിരുന്നു വി ഡി സതീശന്റെ വിമർശനം.

ധിക്കാരം നിറഞ്ഞ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ല. മനുഷ്യൻ കടക്കെണിയിൽ നിൽക്കുമ്പോൾ വിരട്ടാൻ നോക്കരുത്. ഇത് കേരളമാണെന്ന് ഓർക്കണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും സർക്കാർ അവരുടെ ഒപ്പം നിൽക്കുകയും ചെയ്യുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനിൽക്കില്ലെന്നും വ്യാഴാഴ്ച കടകൾ തുറക്കുമെന്നുമുള്ള വ്യാപാരികളുടെ നിലപാടിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കില്ലെന്നും സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകൾ സർക്കാർ നൽകുന്നുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എ, ബി, സി വിഭാഗങ്ങളിലുള്ള, നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക് എട്ട് മണി വരെ പ്രവർത്തനാനുമതി നൽകുമെന്നും ഇലക്ട്രോണിക്‌സ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.