തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതാണെന്ന് ഐഎംഎ വ്യക്തമാക്കി.
കടകളും വ്യാപാര സ്ഥാപനങ്ങളും കുറഞ്ഞ സമയം മാത്രം തുറന്നിരിക്കുമ്പോൾ ആൾക്കൂട്ടമുണ്ടാകും. അതിനാൽ കൂടുതൽ സമയം തുറന്നിരിക്കുന്ന രീതിയാണ് വേണ്ടതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നത്. കോവിഡ് പരിശോധന രീതിയിലും മാറ്റങ്ങൾ വേണമെന്ന് ഐഎംഎ നിർദ്ദേശിക്കുന്നു. കമ്മ്യൂണിറ്റി ടെസ്റ്റിംഗ് രോഗികളെ കണ്ടെത്തുന്ന തരമല്ലെന്നും കോൺട്രാക്ട് ടെസ്റ്റിംഗാണ് വേണ്ടതെന്നും ഐഎംഎ വ്യക്തമാക്കി. ഹോം ഐസൊലേഷൻ ആദ്യഘട്ടത്തിൽ ഫലപ്രദമായിരുന്നെങ്കിൽ ഇപ്പോഴത് പരാജയപ്പെട്ട അവസ്ഥയിലാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവായവരെ മാറ്റി പാർപ്പിച്ചാൽ മാത്രമേ വീടുകളിലെ ക്ലസ്റ്റർ ഫോർമേഷനും രൂക്ഷ വ്യാപനവും തടയാൻ സാധിക്കുകയുള്ളൂവെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
അടുത്ത ഒന്നോ രണ്ടോ വർഷം കൂടി കോവിഡ് വൈറസ് എന്ന മഹാമാരി സമൂഹത്തിൽ തുടരും. ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ വേണം. കൂട്ടം ചേരലുകൾ കർശനമായി നിയന്ത്രിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങളും മറ്റു മേഖലകളിലെ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണം. വാക്സിനേഷൻ ത്വരിതപ്പെടുത്തിയില്ലെങ്കിൽ കോവിഡിന്റെ മൂന്നാം തരംഗം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കും. സീറോ സർവൈലൻസ് സർവെ നടത്തേണ്ടത് അത്യാവശ്യമാണ്. ജനങ്ങളിൽ 30 ശതമാനത്തിന് മാത്രമേ രോഗപ്രതിരോധ ശക്തി വന്നിട്ടുളളൂവെന്നും ബാക്കി 70 ശതമാനത്തിനും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും ഐഎംഎ വ്യക്തമാക്കി. 80 ശതമാനം പേരെങ്കിലും പ്രതിരോധ ശേഷി ആർജ്ജിച്ചാലേ മഹാമാരി അവസാനിക്കൂവെന്നും ഐഎംഎ വിശദീകരിച്ചു.

