ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ നാഡീപ്രശ്നങ്ങൾക്ക് കാരണമായേക്കാം; മുന്നറിയിപ്പ് നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ

വാഷിംഗ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ അപൂർവമായ നാഡീപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്നറിയിപ്പ്. വാക്സിൻ ഈ അവസ്ഥയ്ക്ക് കാരണമാകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വാക്‌സിൻ സ്വീകരിച്ചവരിൽ ഗില്ലൻ ബാറെ സിൻഡ്രോം (ജിബിഎസ്) പോലുള്ളവയൊക്കെ റിപ്പോർട്ട് ചെയ്തതായി പറയപ്പെടുന്നുണ്ട്. അതേസമയം മൊഡേണ, ഫൈസർ വാക്സിനുകളുമായി ബന്ധപ്പെട്ട് ഇത്തരം പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 12.8 ദശലക്ഷം ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾ നൽകിയതിൽ ജിബിഎസിന്റെ നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പേശി ബലഹീനതയ്ക്കും ചിലപ്പോൾ തളർവാതത്തിനും കാരണമാകുന്ന ഗ്വില്ലൈൻ ബാരെ സിൻഡ്രോം വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ചിലരിൽ സംഭവിച്ചിട്ടുണ്ടെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. കൈകളിലും കാലുകളിലും ബലഹീനതയോ തരിപ്പോ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.