ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും തമ്മിൽ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. ഡൽഹിയിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച്ചയെന്നാണ് വിവരം. എൻ സി പി നേതാവ് ശരത് പവാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചകൾക്കും ചർച്ചകൾക്കും പിന്നാലെയാണ് രാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ ചർച്ച നടത്തുന്നത്.
കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെ ലക്ഷ്യമെന്താണെന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ബിജെപിക്കെതിരെ സംഘടിപ്പിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണോ കൂടിക്കാഴ്ച്ചയെന്ന കാര്യം വ്യക്തമല്ല. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും പാർട്ടിയിലെ എതിർഗ്രൂപ്പുകാരനായ നവജ്യോത് സിങ് സിദ്ദുവും തമ്മിലാണ് പ്രശ്‌നങ്ങളും അഭിപ്രായ ഭിന്നതയും നിലനിൽക്കുന്നത്. നേരത്തെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പ്രശാന്ത് കിഷോർ കോൺഗ്രസുമായി സഹകരിച്ചിരുന്നെങ്കിലും പാർട്ടി പരാജയപ്പെടുകയായിരുന്നു.
എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി പ്രശാന്ത് കിഷോർ രണ്ടു തവണയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപിയ്‌ക്കെതിരെ ദേശീയ തലത്തിൽ പുതിയ പ്രതിപക്ഷ സഖ്യം രൂപപ്പെടുമെന്ന റിപ്പോർട്ടുകൾ ശക്തമായത്.

