ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങളും അധികൃതരും വീഴ്ച്ച വരുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വീഴ്ച്ച വരുത്തരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പുറത്തു വന്നിട്ടേയുള്ളൂവെന്നും അതിനാൽ ജാഗ്രത കൈവെടിയരുതെന്നും ഐഎംഎ വ്യക്തമാക്കി.
വിനോദ സഞ്ചാരം, തീർത്ഥാടന യാത്ര, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണെന്നും എന്നാൽ ഇവയെല്ലാം അനുവദിക്കാൻ കുറച്ചുമാസങ്ങൾ കൂടി കാത്തിരിക്കണമെന്നും ഐഎംഎ പറഞ്ഞു. ഇത്തരം സ്ഥലങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിക്കാതെ ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
കോവിഡ് ബാധിക്കുന്ന രോഗികളെ ചികിത്സിക്കുകയും അതിലൂടെ സാമ്പത്തിക മേഖലയിൽ ആഘാതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ ഭേദം സാമ്പത്തിക നഷ്ടം സഹിച്ച് ഇത്തരം വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് വഴിയും വാക്സിൻ കുത്തിവെയ്പ്പിലൂടെയും രണ്ടാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനായിട്ടുണ്ടെന്നാണ് കഴിഞ്ഞ ഒന്നര വർഷത്തെ അനുഭവം പഠിപ്പിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിൽ അടുത്ത രണ്ടു-മൂന്ന് മാസങ്ങൾ വളരെ നിർണായകമാണെന്നും ജാഗ്രത കൈവെടിയരുതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭ്യർത്ഥിച്ചു.

