ശ്രീനഗർ: മലയാളികളുടെ അഭിമാനമായി അസം റൈഫിൾസ് റെജിമെന്റിലെ പെൺകരുത്ത് ആതിര. കശ്മീർ അതിർത്തി കാക്കുന്ന അസം റൈഫിൾസ് റെജിമെന്റിന്റെ ഭാഗമായുള്ള ഏകമലയാളിയാണ് കായംകുളം സ്വദേശിനിയായ ആതിര. കശ്മീരിന്റെ അതിർത്തി കാക്കുന്നതിനായി ആതിര സേവനം അനുഷ്ഠിക്കുമ്പോൾ ഓരോ മലയാളികളും അഭിമാനിക്കുകയാണ്.
നാലു വർഷങ്ങൾക്ക് മുൻപാണ് ആതിര സൈന്യത്തിൽ ചേരുന്നത്. അസം റൈഫിൾസിലെ ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിലാണ് ആതിരയ്ക്ക് നിയമനം ലഭിക്കുന്നത്. ആതിരയുടെ പിതാവും സൈന്യത്തിലായിരുന്നു. ഇദ്ദേഹം മരണപ്പെട്ടതോടെയാണ് ആ ജോലി ആതിരയ്ക്ക് ലഭിക്കുന്നത്. സർവ്വീസിൽ പ്രവേശിക്കുമ്പോൾ ആതിരയ്ക്ക് 21 വയസായിരുന്നു പ്രായം. നാലു മാസങ്ങൾക്ക് മുൻപാണ് കശ്മീർ അതിർത്തിയായ ഗന്ധർബാൽ എന്ന പ്രദേശത്ത് ഡ്യൂട്ടിയ്ക്കായി ആതിര നിയോഗിക്കപ്പെട്ടത്.
ഇന്ത്യൻ ആർമിയും അതിർത്തിപ്രദേശത്തെ ഗ്രാമങ്ങളിലെ സാധാരണകുടുംബങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ആതിര ഉൾപ്പെടുന്ന ടീമിന് നൽകിയിരിക്കുന്ന ദൗത്യം. അതിർത്തി സംരക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ കയറി പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിന് വനിത സൈനീകരെ നിയോഗിക്കാറുണ്ട്. ജനങ്ങൾക്ക് സൈന്യത്തോടുള്ള ഭയം മാറ്റുകയെന്നതും ഇവരുടെ കടമയാണ്. പ്രത്യേക സാഹചര്യങ്ങളിൽ വീടുകളിൽ കയറി പരിശോധന നടത്തേണ്ടി വരാറുണ്ടെന്നും അപ്പോൾ സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കാണെന്നും ആതിര പറയുന്നു. ആദ്യമാദ്യം ആളുകൾക്കിടയിൽ ഉണ്ടായിരുന്ന നിസഹകരണം ഇപ്പോൾ കുറഞ്ഞു വരുന്നുണ്ടെന്നും ആതിര വ്യക്തമാക്കി.
ഇപ്പോൾ തങ്ങളെ കാണുമ്പോൾ ഓരോ പെൺകുട്ടികൾക്കും അഭിമാനമാണ്. അവർ വളരുമ്പോൾ ഞങ്ങളെ പോലെ ആകാനാണ് ആഗ്രഹിക്കുന്നതെന്നും ഒരു മാദ്ധ്യമത്തിന് നൽകി പ്രത്യേക അഭിമുഖത്തിൽ ആതിര വെളിപ്പെടുത്തി. സാമൂഹ്യ മാദ്ധ്യമങ്ങളിലുൾപ്പെടെ ആതിര ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്. നിരവധി പേർ ആതിരയ്ക്ക് അഭിനന്ദങ്ങളും ആശംസകളും അറിയിച്ച് രംഗത്തെത്തുന്നുണ്ട്.

