തിരുവനന്തപുരം: എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെതിരെ ആരോപണവുമായി ബിജെപി നേതാവ് വിവി രാജേഷ്. വികെ പ്രശാന്ത് നഗരസഭ മേയർ ആയിരുന്ന കാലത്താണ് എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവി രാജേഷിന്റെ പ്രതികരണം.
2016 മുതലാണ് എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് വ്യാപകമായതെന്നും എസ്സി പ്രമോട്ടർമാരുടെ താത്കാലിക തസ്തികയിലേയ്ക്ക് 2018 ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം നഗരസഭയിൽ ചില സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ കയറിക്കൂടിയെന്നും വിവി രാജേഷ് ആരോപിക്കുന്നു. വി കെ പ്രശാന്തായിരുന്നു ഈ കാലത്ത് നഗരസഭ മേയർ. എസ് സി കുടുംബങ്ങളുടെ പേരിൽ വ്യാജ അപേക്ഷകൾ കൊടുത്ത ശേഷം സി പി എം കാരായ ഉദ്യോഗസ്ഥരുടെയും, ഭരണ നേതൃത്വത്തിന്റെയും സഹായത്തോടെ വിവിധ ആവശ്യങ്ങർക്കായി ലക്ഷക്കണക്കിന് രൂപ അനുവദിച്ചെന്നും അദ്ദേഹം വിമർശിച്ചു.
നഗരസഭയിൽ നിന്നും പട്ടികജാതി വകുപ്പിൽ നിന്നും വരുന്ന ശുപാർശ പ്രകാരമാണ് ട്രഷറിയിൽ നിന്ന് പണമനുവദിയ്ക്കേണ്ടത്. എന്നാൽ ട്രഷറിയിൽ കൊടുക്കുന്നത് സിപിഎം, ഡിവൈഎഫ്ഐ നേതാക്കന്മാരുടെ അക്കൗണ്ട് നമ്പരാണ്. അക്കൗണ്ട് നമ്പർ പരിശോധിയ്ക്കേണ്ട ഉദ്യോഗസ്ഥരുടെ സഹായവും ഇടത് ഉദ്യോഗസ്ഥ സംഘടന വഴി ഇവർക്ക് ലഭിച്ചിരുന്നു. പട്ടികജാതി ജനതയ്ക്ക് വിവാഹ, പഠന ആവശ്യങ്ങൾക്ക് നഗരസഭ വഴി ലഭിക്കുന്ന തുകയാണ് ഡിവൈഎഫ്ഐ നേതാക്കൾ തട്ടിയെടുത്തിരിക്കുന്നത്. സാധാരണക്കാരൻ ഒരു കടലാസുമായി നഗരസഭകളിൽ വന്നാൽ ആട്ടിപ്പായിയ്ക്കുന്ന ഉദ്യോഗസ്ഥർ നിമിഷ നേരം കൊണ്ട് ഇത്തരം തട്ടിപ്പ് ഫണ്ടുകൾ പാസാക്കി നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം നഗരസഭയിൽ മാത്രം 40 അക്കൗണ്ടുകളിലായി 39 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ബിജെപിയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്നും വിവി രാജേഷ് അറിയിച്ചു.
വി കെ പ്രശാന്ത് മേയറായിരുന്നപ്പോൾ താത്കാലിക നിയമനം ലഭിച്ച ഈ കേസിലെ ഒരു പ്രധാന പ്രതി സി പി എം ആക്ടിംങ് സെക്രട്ടറിയെ വിവരമറിയിച്ച് സഹായമഭ്യർത്ഥിച്ചു. പണം വന്ന അക്കൗണ്ട് നമ്പരുകൾ സഹിതം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെയും പാർട്ടി അനങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയത 240/21 എന്ന കേസിലെ സി പി എം അനുഭാവികളായ 2 മുതൽ 10 വരെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിയ്ക്കുവാനുള്ള നടപടികളാണ് സി പി എം നേതാവായ ഗവൺമെന്റ് വക്കീൽ സ്വീകരിച്ചതെന്നും വിവി രാജേഷ് കൂട്ടിച്ചേർത്തു.
എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് കേസിൽ ഉൾപ്പെട്ടവരിൽ കൂടുതലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള ഡി വൈ എഫ് ഐ, സിപിഎം നേതാക്കളാണ്. ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് മേയറായിരുന്ന സമയത്ത് താല്ക്കാലിക ജീവനക്കാരായി നിയമിയ്ക്കപ്പെട്ടവരാണ് പല പ്രതികളും. 2019 വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഒഴുകിയ പണവും ആൾബലവും ചില സംശയങ്ങൾക്ക് വഴിവെയ്ക്കുന്നുണ്ടെന്നും വി വി രാജേഷ് പറയുന്നു.

