ദൈവനാമത്തിൽ സത്യപ്രതിജ്ഞ: സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക കമ്മിറ്റി വരെയുള്ള അംഗങ്ങൾക്ക് പാർട്ടി വിദ്യാഭ്യാസം നൽകാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക കമ്മിറ്റി വരെയുള്ള അംഗങ്ങൾക്ക് പാർട്ടി വിദ്യാഭ്യാസം നൽകാനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി വിദ്യാഭ്യാസ പരിപാടികൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അംഗങ്ങളിൽ യുക്തിബോധവും ശാസ്ത്ര ബോധവും വളർത്തുന്നതിനായാണ് പാർട്ടി വിദ്യാഭ്യാസം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മൂന്ന് എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ മതിയായ പാർട്ടി വിദ്യാഭ്യാസം നൽകും. പാർട്ടിയിൽ ചേർന്നവർ ഉടൻ പാർട്ടി ബോധത്തിലേക്ക് എത്തണമെന്നില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടിയെടുക്കുകയെന്നും അദ്ദേഹം വിശദമാക്കി.

കമ്മ്യൂണിസ്റ്റുകാരന് ശാസ്ത്രയുക്തി ബോധമുണ്ടാകുന്നത് പ്രധാനമാണ്. അതുകൊണ്ടാണ് പാർട്ടി വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റണി ജോൺ, വീണ ജോർജ്, ദലീമ തുടങ്ങിയവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രി വീണാ ജോർജ് മന്ത്രിസ്ഥാനമേറ്റെടുത്തപ്പോഴും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 2006 ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞയെടുത്ത എംഎൽഎമാരെ സിപിഎം ശാസിച്ചിരുന്നു.