ഒമ്പത് ഭാവങ്ങളും ഒമ്പത് കഥകളുമായി ആന്തോളജി ചിത്രം നവരസ; റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്‌

ചെന്നൈ: തമിഴ് ആന്തോളജി ചിത്രം നവരസയുടെ റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. ഓഗസ്റ്റ് 6 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ വിവിധ തരത്തിലുള്ള ഭാവങ്ങൾ അഭിനയിക്കുന്നതാണ് ടീസർ. വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ പ്രത്യേക കൺസെപ്റ്റിലൊരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസ എന്ന ആന്തോളജി ചിത്രത്തിന്റെ പ്രത്യേകത.

പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവർ ചേർന്ന് ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുക്കിയിരിക്കുന്നത്.

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോൻ, പാർവതി തിരുവോത്ത്, സിദ്ധാർത്ഥ്, പ്രകാശ് രാജ്, ശരവണൻ, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വൈറസ് വ്യാപനവും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് നവരസ എന്ന ആന്തോളജി ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകാനാണ് തീരുമാനം. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയിൽ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ മണിരത്‌നവും ജയന്ദ്ര പഞ്ചപകേശനും വ്യക്തമാക്കിയിരിക്കുന്നത്. എ.ആർ റഹ്മാൻ, ഡി ഇമ്മൻ, ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് ചിത്രങ്ങൾക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.