രാജ്യത്തിന്റെ പുതിയ വ്യോമയാന മന്ത്രിയായി ജോതിരാദിത്യ സിന്ധ്യ; 20 വർഷങ്ങൾക്ക് ശേഷം പിതാവ് വഹിച്ചിരുന്ന അതേ സ്ഥാനത്തേക്ക് മകനും എത്തി

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ വ്യോമയാന മന്ത്രിയായി ജോതിരാദിത്യ സിന്ധ്യ. നരസിംഹറാവു മന്ത്രിസഭയിൽ 1991 മുതൽ 1993 വരെ പിതാവ് മാധവറാവു സിന്ധ്യ വഹിച്ചിരുന്ന പദവി തന്നെയാണ് മകൻ ജോതിരാദിത്യ സിന്ധ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. 20 വർഷങ്ങൾക്ക് ശേഷമാണ് ജോതിരാദിത്യ സിന്ധ്യ പിതാവ് വഹിച്ചിരുന്ന സ്ഥാനത്തേക്കെത്തിയത്.

പിതാവിന്റെ മരണ ശേഷമാണ് ജോതിരാദിത്യ സിന്ധ്യ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യ മൻമോഹൻ സിങ് മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി. വിമാന അപകടത്തിൽ പിതാവ് മാധവറാവു സിന്ധ്യ മരണപ്പെട്ടതോടെ ഒഴിവ് വന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധിയായാണ് സിന്ധ്യ ആദ്യമായി മത്സരിക്കുന്നത്. 2001 സെപ്റ്റംബറിലാണ് മാധവറാവു മരിച്ചത്. മാധവറാവു സിന്ധ്യയും മറ്റ് ഏഴ് പേരും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ തകർന്നു വീഴുകയായിരുന്നു.

ഗുണ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദേശ് രാജ് സിംഗ് യാദവിനെ 4,50,000 ത്തോളം വോട്ടുകൾക്കാണ് സിന്ധ്യ പരാജയപ്പെടുത്തിയത്. 2004 ൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം വീണ്ടും ലോക്സഭയിൽ എത്തി. അഞ്ചുവട്ടം പാർലമെന്റംഗമായ ജോതിരാദിത്യ സിന്ധ്യ നിലവിൽ രാജ്യസഭാംഗമാണ്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ജോതിരാദിത്യ സിന്ധ്യ ബിജെപിയിലെത്തുന്നത്. 2020 മാർച്ചിലാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ജോതിരാദിത്യ സിന്ധ്യയുടെ രാജിയോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലംപൊത്തുകയും ബിജെപി അധികാരത്തിലേറുകയും ചെയ്തു.