കേന്ദ്രമന്ത്രിസഭാ പുന:സംഘടന നാളെയുണ്ടാകുമെന്ന് റിപ്പോർട്ട്: മന്ത്രിസഭയിൽ ഇടംനേടാൻ സാധ്യതയുള്ള നേതാക്കൾ ഡൽഹിയിലെത്തി

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന നാളെയുണ്ടാകുമെന്ന് റിപ്പോർട്ട്. പുതിയ മന്ത്രിമാരുടെ പട്ടിക ഉടൻ പുറത്തുവരുമെന്നാണ് വിവരം. തുടർന്ന് നാളെ വൈകുന്നേരത്തോടെ സത്യപ്രതിജ്ഞയുമുണ്ടാകാനാണ് സാധ്യത.

രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടനയാണ് നടക്കാനിരിക്കുന്നത്. ഒന്നാം മോദി സർക്കാരിൽ മൂന്ന് തവണയെങ്കിലും പുന:സംഘടന നടത്തിയിട്ടുണ്ട്. നിരവധി ഒഴിവുകൾ നിലവിൽ മന്ത്രിസഭയിലുണ്ട്. എൽജെപി നേതാവ് രാംവിലാസ് പാസ്വാൻ മരണത്തെ തുടർന്നും എൻഡിഎയിൽ നിന്ന് ശിരോമണി അകാലിദൾ, ശിവസേന തുടങ്ങിയ പാർട്ടികൾ പുറത്തുപോയതിനെ തുടർന്നും മന്ത്രിസഭയിൽ ഒഴിവുകളുണ്ട്.

അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാൾ എം പിമാരായ ശാന്തനു ഠാക്കൂർ, നിസിത് പ്രമാണിക്, ജെ ഡി യു നേതാവ് ആർ സി പി സിംഗ് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംനേടാൻ സാധ്യതയുണ്ടെന്നാണ് വിവരം. സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത് ഇവരിൽ പലരും ഡൽഹിയിലെത്തിയിട്ടുണ്ട്. ബി ജെ പി നേതാവും എം പിയുമായ നാരായൺ റാണെയും ഡൽഹിയിലെത്തി. ഇദ്ദേഹവു മന്ത്രിയാകാൻ സാധ്യതയുണ്ട്.

2024 ലെ പൊതുതെരഞ്ഞെടുപ്പും അതിന് മുമ്പ് നടക്കേണ്ട യു പി നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുകൊണ്ടാകും അഴിച്ചുപണിയെന്നാണ് ബി ജെ പി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശിൽ നിന്ന് ആറ് മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.